റിസര്‍വേഷന്‍ തുറന്ന് ആദ്യ ദിവസം തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടർ മാറിയെന്ന് ഒല ഇലക്‌ട്രിക് അറിയിച്ചു. ജൂലൈ 15നു വൈകിട്ടാണ് ഒല ഇലക്‌ട്രിക് അതിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്. ഞങ്ങളുടെ ആദ്യ ഇലക്‌ട്രിക് വാഹനത്തിന്, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന ഗംഭീരമായ പ്രതികരണത്തില്‍ താൻ ആവേശഭരിതനാണെന്ന് ഒല ചെയര്‍മാനും ഗ്രൂപ്പ് സി.ഇ.ഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ വൈദ്യുത വഹനങ്ങളിലേക്ക് മാറുന്നതിനുള്ള വ്യക്തമായ സൂചനയാണിത്. ഒല സ്‌കൂട്ടര്‍ ബുക്ക് ചെയ്ത് ഈ വിപ്ലവത്തില്‍ പങ്കു ചേര്‍ന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഏറ്റവും മികച്ച സ്പീഡ്, ഏറ്റവും വലിയ ബൂട്ട് സ്പേസ്, അതിനനൂതന സാങ്കേതികവിദ്യ തുടങ്ങിയവ, ഒലയെ ഏറ്റവും മികച്ച സ്‌കൂട്ടറാക്കി മാറ്റുന്നു. എല്ലാവര്‍ക്കും പ്രാപ്യമാവുന്ന രീതിയിലായിരിക്കും സ്‌കൂട്ടറിന്റെ വില നിശ്ചയിക്കുക. വരും ദിവസങ്ങളില്‍ സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയും ഒല വെളിപ്പെടുത്തും. തമിഴ്നാട്ടില്‍ നിര്‍മാണത്തിലുള്ള ലോകത്തിലെ ഏറ്റവും വലുതും, നൂതനവുമായ, അത്യാധുനിക ഇരുചക്ര വാഹന ഫാക്ടറിയില്‍ നിന്നാണ്, ഒല സ്‌കൂട്ടര്‍ ലോകത്തിനായി നിര്‍മിക്കുന്നത്.