വട്ടപ്പാറ ∙ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന കന്യാകുളങ്ങര സ്വദേശി സുൽഫത്തിനെ ( 47) ആക്രമിച്ച കേസിൽ കട്ടയ്ക്കാൽ സ്വദേശി രമേശിനെ (55) വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം വീട്ടിലെത്തിയ രമേശ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇരുവരെയും മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സുൽഫത്ത് കന്യാകുളങ്ങര നിന്നും ഓട്ടോറിക്ഷയിൽ നെടുവേലിയിലേക്ക് പോകുമ്പോൾ രമേശ് പിന്തുടർന്നെത്തുകയായിരുന്നു.
ഓട്ടോറിക്ഷ നിർത്തിച്ച ശേഷം അകത്ത് കയറുകയും കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. സുൽഫത്തും രമേശും തമ്മിൽ രണ്ട് വർഷം മുൻപേ ജോലിസ്ഥലത്തു വച്ചു പരിചയത്തിലായിരുന്നു. ഇടക്കാലത്ത് സുൽഫത്ത് രമേശിനെതിരെ വട്ടപ്പാറ പൊലീസിൽ പരാതിയും നൽകിയിരുന്നു. സുൽഫത്ത് പറ്റിച്ചു ലക്ഷങ്ങൾ തട്ടിയെടുത്തെന്നും അതിലുള്ള വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നുമാണ് രമേശ് പൊലീസിനോട് പറഞ്ഞത്.
ആക്രമിച്ച ശേഷം വീട്ടിലെത്തിയ രമേശ് വിഷം കഴിക്കുകയായിരുന്നു. രമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിഷം കഴിച്ചിട്ടുണ്ടെന്നറിയിച്ചതിനെ തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് പരുക്കേറ്റ സുൽഫത്തിനെ ആദ്യം കന്യാകുളങ്ങര സാമൂഹിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് മെഡിക്കൽകോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.