നെയ്യാറ്റിൻകര ∙ ലഹരി മരുന്നു ഗുളികയും കഞ്ചാവുമായി യുവാവു പിടിയിൽ; സംഘാംഗങ്ങൾ ഓടി രക്ഷപ്പെട്ടു. പനച്ചമൂട് ചന്തയ്ക്കു സമീപം ഷംനാദ് ഭവനിൽ കമാൽ യൂസഫ് (23) ആണു പിടിയിലായത്. ഇയാളുടെ കൂട്ടാളികളും ഊരൂട്ടമ്പലം
സ്വദേശികളുമായ ചക്കര മിഥുൻലാൽ, ബിനു എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ഇവരുടെ ചിത്രം എക്സൈസ് പുറത്തുവിട്ടു. എക്സൈസ് നെയ്യാറ്റിൻകര ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പെരുമ്പഴുതൂരിൽ നടത്തിയ പരിശോധനയിലാണ് 100 മയക്കുമരുന്നു ഗുളികകളും 100 ഗ്രാം കഞ്ചാവുമായി കമാൽ യൂസഫ് പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചക്കര മിഥുൻലാലും ബിനുവുമാണ് ഇവ വിൽക്കാൻ ഏൽപിച്ചതെന്നു കണ്ടെത്തി.ഇതിൽ ബിനുവിന്റെ വീട്ടിൽ നിന്നും 2 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പിൻതുടർന്നുവെങ്കിലും പിടികൂടാനായില്ല. രക്ഷപ്പെട്ടവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും എക്സൈസ് അറിയിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ സജിത്ത്കുമാർ, പ്രിവന്റീവ് ഓഫിസർ ഷാജു, സിവിൽ എക്സൈസ് ഓഫിസർമാരായ നൂജു, സതീഷ്കുമാർ, പ്രശാന്ത്‌ലാൽ, നന്ദകുമാർ, ഹരിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.